Sunday, July 8, 2012

മുല്ലപ്പെരിയാർ സമര സമിതി പക്വത കാട്ടണം.

മുല്ലപ്പെരിയാർ സമര സമിതി പക്വത കാട്ടണം.

കേരള ജനതയുടെ സ്വപ്നമായ മുല്ലപ്പെരിയാർ പ്രശ്നപരിഹാരം യാഥാർത്ഥ്യമാകണമെങ്കിൽ മുല്ലപ്പെരിയാർ സമര സമിതി പക്വത കാട്ടുകയും അനവസരങ്ങളിൽ കടന്നു ചെന്നു ശത്രുക്കളെ വർദ്ധിപ്പിക്കാതെ പെരുമാറുകയും വേണം. മുല്ലപ്പെരിയാർ ഡാം പ്രശ്നത്തിൽ രണ്ടായിരത്തിലേറെ ദിവസങ്ങളായി സമരപ്പന്തലിൽ ഇരുന്നു പോരാടുന്നവരോടുള്ള ആത്മാർത്ഥത കൊണ്ടു തന്നെയാ ണു തമിഴ് സഹോദരന്മാരും മലയാളത്തിലെ മുതിർന്നവരും ഗുരുസ്ഥാനീയരുമായവരുമായ സാംസ്കാരികപ്രവർത്തകർ തങ്ങളുടെ പല തിരക്കുകളും മാറ്റിവച്ച്, പണച്ചിലവുകളും സമയ വും നഷ്ടപ്പെടുത്തി കോട്ടയത്ത് എത്തിച്ചേർന്നതെന്നു സമരസമിതി മനസ്സിലാക്കണം. സി പി റോയ് തന്റെ നിലപാടു സാധൂകരിക്കുവാനും, അതുവഴി തമിഴ്നാടിനു കീഴടങ്ങുവാനും പ്രേരിപ്പിക്കുവാൻ നടത്തിയതാണു മീറ്റിംഗ് എന്ന ആരോപണം തികച്ചും അപക്വവും വീക്ഷണ മില്ലാത്തതുമാണു.

സി പി റോയിയുടെ ആശയങ്ങളെ ആദ്യമൊക്കെ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീടു വളരെ സംശയത്തോടെ തന്നെ വീക്ഷിക്കുകയും ചെയ്തുവന്നവരും, ആദ്യം മുതല്ക്കേ അദ്ദേഹത്തെ എതിർത്തവരും യോഗത്തിൽ ഉണ്ടായിരുന്നു. ഈ സാംസ്കാരിക കൂട്ടായ്മയുടെ ലക്ഷ്യം എന്താണു ഇനിയുള്ള പരിഹാര മാർഗ്ഗം എന്നു ഇരു മാർഗ്ഗങ്ങളിലൂടെയും ചിന്തിച്ച് ആയതു സർക്കാരുകളെ അറിയിക്കുക എന്നതു മാത്രമായിരുന്നു. വിവിധ കമ്മിറ്റികൾ ചേർന്നു അങ്ങനെ ഒരു നിലപാടിലായതുകൊണ്ടാണു, സിവിക് ചന്ദ്രൻ ഇതു മോഡറേറ്റർ എന്ന നിലയിൽ നയിക്കാമെന്നും, ഈയുള്ളവനെ പോലെയുള്ളവർ അതിനു വേണ്ടീ പ്രവർത്തിക്കാമെന്നും സമ്മതിച്ചതു. മുല്ലപ്പെരിയാർ സമര സമിതിയെ വിളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും പുതിയ ഡാം എന്ന കടുത്ത നിലപാടിനെ അക്രാമകമായി അവതരിപ്പിക്കുന്നത് ചർച്ചയുടെ സമാധാനത്തെ ബാധിക്കുമെന്ന ഭയം ശരിയായിരുന്നു എന്നു അവർ തന്നെ തെളിയിച്ചിരിക്കുകയാണു.

മുല്ലപ്പെരിയാർ സമര സമിതിയുടെ സമരത്തിനു പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയേതരമായ ഒന്നിനെയും സഹിഷ്ണുതയോടെ കാണാത്ത രാഷ്ട്രീയ കടന്നാക്രമണമായിരുന്നു കോട്ടയം ചർച്ചയിൽ സമര സമിതി നടത്തിയത്. ഇത്തരം അക്രമങ്ങൾക്ക് ഫാ. ജോയി നിരപ്പേലിനെപ്പോലെയുള്ളവർ പിന്തുണ നല്കുന്നത് അപലപനീയമാണു.

നമുക്കു വേണ്ടതു പ്രശ്നപരിഹാരമാണു. അതിനു ഇവിടെയുള്ള രാഷ്ട്രീയ നേതാക്കൾ ഒരിക്കലും തയ്യാറാവുകയില്ല എന്ന ഉത്തമ ബോധ്യത്തിലാണു ‘ഉയിർ’ എന്ന മലയാളി തമിഴ് സാംസ്കാരിക കൂട്ടായ്മ രൂപീകരിച്ചതു. അതിനെ സി പി റോയിയുടെ സംഘടന എന്നു വിളിച്ചു മൂലയ്ക്കിരുത്തിയ മാധ്യമങ്ങളുടെ നടപടി മുല്ലപ്പെരിയാർ സമരത്തെ വിഭജിക്കുവാനുള്ള രാഷ്ട്രീയ കുൽസിത നീക്കത്തിനു നല്കുന്ന പിന്തുണയുടെ ഭാഗമാണു.

സമര സഖാക്കളെ, എവിടെയായിരുന്നു ഇത്ര വലിയ മാദ്ധ്യമപ്പട ഇത്രകാലവും? പ്രശ്നപരിഹാരത്തിനായി ഇത്തരം ഒരു കൂട്ടായ്മ അവർക്കു നടത്തുവാൻ കഴിഞ്ഞോ? ഒന്നു ചിന്തിച്ചു നോക്കൂ, നിങ്ങൾ അവിടെ സമരത്തീച്ചൂളയിൽ ഉരുകുന്നതിൽ മനം നൊന്തു നിങ്ങൾക്കു വേണ്ടി, അല്ല, നമുക്കൊക്കെയും വേണ്ടീ ഒത്തൊ രുമിച്ചതാണോ ഈ സാംസ്കാരിക പ്രവർത്തകർ ചെയ്ത തെറ്റ്? കെ ടി തോമസിനെ പോലെയൊരു ഒറ്റുകാരനെ ഇന്നും പ്രാമുഖ്യം നല്കി പോറ്റുന്നവരുടെ ഇടയിൽ നിന്ന് ഡാമിന്റെ താഴ്വാരത്തിലെ ലക്ഷക്കനക്കിനു ആളുകൾക്കു വേണ്ടി ചിന്തിക്കുവാൻ ഇറങ്ങിത്തിരിച്ച്താണോ തെറ്റ്? ചങ്കൂറ്റമുണ്ടായി രുന്നുവെങ്കിൽ ജസ്റ്റിസ് കെ റ്റി തോമസ് ഈ നാട്ടില്കൂടി തന്റെ ഭാഗം ന്യായീകരിച്ചു നടക്കുന്നതിനെ നിങ്ങൾ ഒരു കറു ത്ത തുണിക്കഷണം കൊണ്ടെങ്കിലും ചെറുക്കുമായിരുന്നു...

ഇന്നു സമരത്തിന്റെ അവസ്ഥ എന്താണു? ജസ്റ്റിസ് കെ ടി തോമസ് കേരളീയരുടെ ഉണ്ടായിരുന്ന സമര വീര്യത്തെ കൂടി വന്ധ്യം കരിച്ചു കളയുകയായിരുന്നില്ലേ? മുല്ലപ്പെരിയാർ ഡാമിൽ ഒരു പ്രശ്നവുമില്ല എന്ന തമിഴ് നാടിന്റെ ഉറച്ച പ്രചരണങ്ങൾക്ക് നമ്മുടെ നാട്ടിൽ നിന്നു പൂർണ്ണ പിന്തുണ നല്കുക മാത്രമല്ല അയാൾ ചെയ്തതു. മുഖ്യധാരാ മാധ്യമങ്ങളെ തന്റെ പഴകിയ ജഡ്ജിക്കോട്ട് കാട്ടി ഭയപ്പെടുത്തിയും സ്വാധീനിച്ചും അതു കേരളത്തിലെ സാധാരണക്കാരെ ബ്രെയിൻ വാഷ് ചെയ്ത് അടിച്ചേല്പിക്കുകയുമായിരുന്നു. ഈ അവസ്ഥ അത്യന്തം ഗുരു തരമാക്കിയതു ഈ നീതിമാന്റെ വരികളാണു.

കേരളം എത്ര ശ്രമിച്ചാലും പരാജയപ്പെടുന്ന ഒരു അവസ്ഥയിൽ നിന്നു വേണം നമ്മൾ ആരംഭിക്കുവാൻ...അതിനു തമിഴ് മലയാളി കൂട്ടായ്മയിൽ നിന്ന് ഡാമിനു അപകട സാധ്യത ഉണ്ടെന്ന ഒരു അംഗീകാരം പുറത്തുവരാവുന്ന ഒരവസ്ഥയെ അല്ലേ നിങ്ങൾ നശിപ്പിച്ചതു? നിങ്ങൾക്കിതു മനസ്സിലാവില്ല. പല കാരണങ്ങളും ഉണ്ടാവാം, എന്നാൽ സമര സമിതിയുടെ നീക്കങ്ങൾക്കു എവിടെയെങ്കിലും അല്പം ചലനം ഉണ്ടാക്കുവാൻ സാധിക്കുമോ അവിടെയെല്ലാം നിങ്ങളുടെ പൂർണ്ണ പിന്തുണയാണു നല്കേണ്ടത്. നിങ്ങളെ കൊലയ്ക്കു കൊടുക്കുവാൻ മാനുഷിക മൂല്യങ്ങളിൽ വിശ്വാ സമുള്ള ഒരാളും തുനിയില്ല എന്നു നിങ്ങൾ വിശ്വസിക്കണം.

നിങ്ങൾ കുറെക്കൂടി പക്വത കാണിക്കണം. ഈ കൂട്ടായ്മയെ വിമർശിക്കാമായിരുന്നു, ഗുണ്ടകൾക്ക് തുല്യമായി വന്ന് കണ്ണികണ്ണിൽ നോക്കി അധിക്ഷേപിക്കുവാൻ മാത്രം ഒരു തെറ്റും ഈ സാംസ്കാരിക കൂട്ടായ്മ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. പോരാട്ടവഴിയിൽ നിന്നു നിങ്ങളുടെ ഈ അപക്വമായ ആക്രമണത്തിനു ഒരാളെ പോലും പിന്തിരിപ്പിക്കുവാനാവില്ല എന്നു മാത്രം വിനയപൂർവ്വം അറിയിക്കട്ടെ.

No comments: